Thursday, December 16, 2010

സുന്ദരന്‍ നീയും..........................

സുന്ദരനാവാന്‍ എല്ലാ പുരുഷന്‍മാര്‍ക്കും ഒരുപാടിഷ്ടമാണ്.ഒട്ടു മിക്കവരും തന്നെ ഇപ്പോള്‍ പാര്‍ലറുകളില്‍ പോകുന്നവരുമാണ്.ത്രെഡ്ഡിങ്,ഫേഷ്യലുകള്‍.ഹെയര്‍ ട്രീറ്റ് മെന്റുകള്‍,മാനിക്യൂര്‍,പെഡിക്യൂര്‍,വാക്സിങ് തുടങ്ങി നിരവധി ട്രീറ്റ് മെന്റുകള്‍ ജെന്റ്സ് പാര്‍ലറുകളില്‍ ലഭ്യമാണ്.

എന്നാല്‍ ഹോം കെയറിന്റെ കാര്യത്തില്‍ എല്ലാവരും മടിയന്‍മാരാണ്.പെണ്‍കുട്ടികളെപ്പോലെ ഫെയ്സ് പാക്ക് ഇടാനും താളി തേയ്ക്കാനും ഒന്നും ഇവരെ കിട്ടില്ല.പക്ഷെ എല്ലാവര്‍ക്കും ബ്യൂട്ടി ടിപ്സ് ആവശ്യമാണു താനും.അതുകൊണ്ട് എന്റെ പുരുഷ സുഹൃത്തുക്കള്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ചില ടിപ്സ് ആണ് ഇന്ന് ഞാന്‍ പറഞ്ഞു തരുന്നത്.

ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ താരനും മുടി കൊഴിച്ചിലും എല്ലവര്‍ക്കും ഒരു പ്രശ്നമായി മാറിയിട്ടുണ്ട്.മികച്ച ആന്റി ഡാന്‍ഡ്രഫ് ഷാമ്പൂ ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഉപയോഗിക്കണം.ക്ലിനിക് ഓള്‍ ക്ലിയര്‍(CLINIC ALL CLEAR),ഹെഡ് ആ‍ന്‍ഡ് ഷോള്‍ഡേര്‍ഴ്സ്(HEAD AND SHOULDERS) തുടങ്ങിയവ ഉപയോഗിക്കാം.ചൊറിച്ചിലും മുടി കൊഴിച്ചിലും അധികമാണെങ്കില്‍  ട്രീറ്റ് മെന്റ് ഷാമ്പൂ ഉപയോഗിക്കണം.

നിസ്രാല്‍(NIZRAL) ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറത്തിറക്കുന്ന ആന്റി ഡാന്‍ഡ്രഫ് ട്രീറ്റ്മെന്റ് ഷാമ്പൂ ആണ്.ഇത് ഉപയോഗിക്കുമ്പോള്‍ അര മണിക്കൂര്‍ മുന്‍പെങ്കിലും മുടിയില്‍ വെളിച്ചെണ്ണയും( PARACHUTE) ആവണക്കെണ്ണ (CASTER OIL) യും ചേര്‍ന്ന മിശ്രിതം ചെറു ചൂടോടെ പുരട്ടാന്‍ മറക്കരുത്.ആഴ്ചയില്‍ മൂന്നു തവണ വീതം ആവര്‍ത്തിക്കണം.



(NIZORAL) നിസോറാല്‍ എന്ന ഷാമ്പൂവും ജോണ്‍സണ്‍ ആന്‍ഡ് ജോണസണ്‍ പുറത്തിറക്കുന്ന ആന്റി ഡാന്‍ഡ്രഫ് ഷാമ്പൂ ആണ്.ഇതില്‍ കണ്ടീഷണറും അടങ്ങിയിട്ടുണ്ട്.മിതമായ രീതിയില്‍ ഉള്ള താരന്‍ പോകാന്‍ ഇതുപയോഗിക്കാം.

മുഖത്തെ പാടുകള്‍ ,ചെറിയ വടുക്കള്‍ എന്നിവ നിശ്ശേഷം മാറാന്‍ മെഡെര്‍മ (MEDERMA skin care for scars) ഉപയോഗിക്കാം.വളരെ നല്ല റിസല്‍റ്റ് തരുന്ന ഓയിന്മെന്റ് ആണിത്.

നിറം വയ്ക്കാന്‍ ഫെയര്‍നെസ്സ് ക്രീം ഉപയോഗിക്കുമ്പോള്‍ വെയിലേല്‍ക്കുന്നതു കഴിയുമെങ്കില്‍ ഒഴിവാക്കണം. സണ്‍ സ്ക്രീന്‍ ലോഷനൊ, ക്രീമുകളോ ഉപയോഗിക്കുന്നത് പതിവാക്കണം.ലോട്ടസ്,ലാക്മെ,ജൊണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, എവര്‍ യൂത്ത് തുടങ്ങീ നിരവധി ബ്രാന്‍ഡുകള്‍ സണ്‍സ്ക്രീന്‍ പുറത്തിറക്കുന്നുണ്ട്. SPF 30 യോ അതിനു മുകളീലോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ചുണ്ടുകളില്‍ ലിപ് ബാം അല്ലെങ്കില്‍ ചാപ് സ്റ്റിക് ഉപയോഗിക്കാം.കളര്‍ ഇല്ലാത്തത് വാങ്ങാന്‍ കിട്ടും.



പരുപരുത്ത കൈകള്‍ മൃദുവാക്കാന്‍ പഞ്ചസാര എണ്ണയോ നാരങ്ങാ നീരോ ചേര്‍ത്ത് കൈകളില്‍ എടുത്ത് പഞ്ചസാര അലിയുന്നത് വരെ നന്നായി തിരുമ്മുക.

കാല്പാദത്തില്‍ വാസലിന്‍ പുരട്ടിയാല്‍ വരള്‍ച്ച മാറിക്കിട്ടും.

Wednesday, December 15, 2010

സ്വന്തം ഫേയ്സിനു യോജിക്കുന്ന ഫേഷ്യലുകള്‍ തിരഞ്ഞെടുക്കൂ.......................

പാര്‍ലറുകളില്‍ ഇപ്പോള്‍ നിരവധി ഫേഷ്യലുകള്‍ ലഭ്യമാണ്.
ഡയമണ്ട്, പ്ലാറ്റിനം, ഗോള്‍ഡ്.സില്‍വര്‍, ചോക്ലേറ്റ്,ഫ്രൂട്ട്സ്....എന്നിങ്ങനെ.
ഇതില്‍ ഏതാണ് നമ്മുടെ മുഖത്തിന് ആവശ്യം എന്നു മനസ്സിലാക്കി വേണം ഫേഷ്യല്‍ ചെയ്യാന്‍.
കൂട്ടുകാരി ഗോള്‍ഡ് ചെയ്തതു കൊണ്ടൂ എനിക്കും ഗോള്‍ഡ് മതി എന്നു വിചാരിക്കരുത്.
നല്ല നിറമുള്ള (വെളുത്ത) ചര്‍മത്തിന് ആണ് ഗോള്‍ഡ് ചേരുന്നത്.ഇരുണ്ട നിറമുള്ളവര്‍ക്ക് പേള്‍ അല്ലെങ്കില്‍ സില്‍വര്‍,സ്കിന്‍ ലൈറ്റനിങ്ങ് ഫേഷ്യല്‍സ് ഇവയിലേതെങ്കിലും തിരഞ്ഞെടുക്കാം.പാടുകള്‍ മായുവാന്‍ വെജ് പീല്‍ ചെയ്യാം.തൂങ്ങിയ ചര്‍മത്തിനു തെര്‍മൊ ഹെര്‍ബ് ചെയ്യാം,ചുളിവുകള്‍ മാറാനും ഇത് നല്ലതാണ്.20 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ഫേഷ്യല്‍ ചയ്താല്‍ മതി.കൌമാരക്കാര്‍ക്ക് ക്ലീന്‍ അപ് ചെയ്യാം.ബ്ലീച്ച് മാത്രമായി ചെയ്യുന്നതിനേക്കാള്‍ ഫേഷ്യലിനൊപ്പം ചെയ്യുന്നതാണ് നല്ലത്.ഫേഷ്യല്‍ സൌന്ദര്യത്തിന് മാത്രമല്ല, ചര്‍മത്തിന്റെ അരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.കുഴപ്പങ്ങളീല്ലാത്ത മുഖത്തിന് ഫ്രെഷ് ഫ്രൂട്ട് ഫേഷ്യലുകള്‍ നല്ല ഫലം ചെയ്യും.മുന്തിരി,പപ്പായ,ഓറഞ്ച്,ഏത്തപ്പഴം എന്നിവ പാല്‍,തേന്‍ എന്നിവയിലേതെങ്കിലും ചേര്‍ത്താണ് ഇത് ചെയ്യുന്നത്.സെന്‍സിറ്റീവ് ആയ ചര്‍മത്തിനും ഇത് ഗുണം ചെയ്യും.
അരോമ ഫേഷ്യലുകള്‍ എല്ലാത്തരം ചര്‍മത്തിനും ചേരും.പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നു തന്നെ പറയാം.
ഗാല്‍വാനിക് ഫേഷ്യല്‍ തുടര്‍ച്ചയായി ചെയ്താല്‍ നിറം വയ്ക്കുകയും പാടുകള്‍ മാറുകയും ചെയ്യും.എന്നാല്‍ ഇത് വൈകുന്നേരങ്ങളില്‍ ചെയ്യുന്നതാണ് നല്ലത്.കാരണം ഗാല്‍വാനിക് ചെയ്ത ശേഷം വെയിലേറ്റാല്‍ മുഖം കരുവാളിക്കും. ഫേഷ്യല്‍ തനിയെ ചെയ്യുമ്പോള്‍ മസ്സാജിന്റെ ഗുണം ലഭിക്കുകയില്ല.അതുകൊണ്ട് വൈദഗ്ദ്ധ്യം നേടിയവരെ കൊണ്ട് ചെയ്യിക്കുന്നതാവും നല്ലത്.ഫേഷ്യല്‍ ചെയ്യാന്‍ ആഗ്രഹിക്കുണ്ടെങ്കില്‍ ആദ്യം ബ്യൂട്ടീഷനെ കണ്ട് സംസാരിക്കുക.നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം പറഞ്ഞു തരുന്നുണ്ടെങ്കില്‍ മാത്രം ട്രീറ്റ് മെന്റ് എടുക്കുക.നമുക്ക് ആവശ്യമില്ലാത്ത വിലപിടിച്ച ഫേഷ്യലുകള്‍ തലയില്‍ കെട്ടിവയ്ക്കുവാന്‍ അനുവദിക്കാതിരിക്കുക.ഫേഷ്യല്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ക്രീമുകള്‍ നോക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്.വാങ്ങുന്ന പണത്തിന് തക്ക മൂല്യം പ്രവൃത്തിക്കുണ്ടോ എന്ന് ഉറപ്പാക്കുക.
ഗോള്‍ഡ് , ഡയമണ്ട്  തുടങ്ങിയ ഫേഷ്യലുകളില്‍ ബാക്ക് മസ്സാജ്, വെജ് പീല്‍ ,ഗാല്‍ വാനിക് തുടങ്ങിയ സ്റ്റെപ്പുകള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.ഉപയോഗിക്കുന്ന ക്രീമുകള്‍ വിലയുള്ളതും,മികച്ച ബ്രാന്‍ഡ് ആണെന്നും നോക്കണം.500 രൂപ മുതല്‍ വിലയുള്ള ഗോള്‍ഡ് ഫേഷ്യല്‍ കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്.ഷഹനാസ്, നേച്ചര്‍ എസ്സന്‍സ്  ,കായ തുടങ്ങിയവയ്ക്കു 2000 മുതല്‍ വില നല്‍കണം.

Monday, December 13, 2010

വെളുക്കാന്‍ തേച്ചത് പാണ്ടാകാതിരിക്കാന്‍.................

എന്റെ പ്രിപ്പെട്ട കൂട്ടുകാരെ...................... നമുക്ക് ഇന്നു ചില ബ്യൂട്ടിപാര്‍ലര്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാം അല്ലെ?

ഇന്നത്തെ തലമുറയില്‍ ബ്യൂട്ടിപാര്‍ലര്‍ ആര്‍ഭാടമാണോ? അല്ല...,അല്ലേ ?........അത് അത്യന്താപേക്ഷിതമായ ദിനചര്യയുടെ ഭാഗം തന്നെയാണ്.എല്ലാവരും പാര്‍ലറില്‍ പോകുന്നു.ആവശ്യമായ ട്രീറ്റ് മെന്റ്സ് എടുക്കുന്നു.എന്നാല്‍ ട്രീറ്റ് മെന്റ്സിന്റെ ഗുണങ്ങള്‍ എന്താണെന്നോ,അത് എടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നോ ,അവിടുത്തെ പ്രവര്‍ത്തന രീതികള്‍ എങ്ങിനെയാണെന്നോ പലര്‍ക്കും അറിയില്ല.ആരും അന്വേഷിക്കാറുമില്ല.ബ്യൂട്ടീഷന്‍ പറയുന്നു....നമ്മള്‍ അനുസരിക്കുന്നു....അത്ര തന്നെ.....കൊടുത്ത കാശിനു തക്ക മൂല്യം ലഭിക്കുന്നുണ്ടോ...അതും അറിയില്ല......

ഞാനും ഒരു ബ്യൂട്ടീഷനാണ്.ബ്യുട്ടി പാര്‍ലര്‍ ഒരു ബിസ്സിനസ്സും ആണ്.എല്ലാ ബ്യൂട്ടീഷന്മാരും മോശം പ്രവര്‍ത്തിക്കുന്നവരുമല്ല.....ബ്യൂട്ടീഷന്‍ എന്ന നിലയിലും,ഒരു ക്ലയന്റ് എന്ന നിലയിലും എന്റെ അറിവിലും അനുഭവത്തിലും ബോധ്യമായ ചില കാര്യങ്ങള്‍ ആണ് ഇന്നു ഞാന്‍ നിങ്ങളോട് പങ്കു വയ്ക്കുന്നത്.നീരസം തോന്നുന്നവര്‍ സദയം ക്ഷമിക്കുക.......

പ്രായഭേദമന്യേ ഏറ്റവും കൂടുതല്‍ ആളുകള്‍ പാര്‍ലറീനെ ആശ്രയിക്കുന്നത് ത്രെഡ്ഡിങ്ങിനാണ്.ബ്യുട്ടീഷന്‍ ആവുന്നതിന് മുന്‍പ് എനിക്ക് സ്ഥിരം പണി കിട്ടിയിരുന്ന സംഭവം ആയിരുന്നു അത്....നല്ല കട്ടിയുള്ള കൂട്ടു പുരികങ്ങള്‍ ആണ് എന്റേത്.ഇരിക്കേണ്ട താമസം...ചോദ്യവുമില്ല പറച്ചിലുമില്ല....നിമിഷ നേരം കൊണ്ട് അവര്‍ അത് നൂലു പോലെയാക്കി തരും.പിന്നെ കത്രികയെടുത്ത് വെട്ടി ഉരുട്ടി തരും...ഹോ....എല്ലാം കഴിഞ്ഞ് മിറര്‍ എടുത്ത് കൈയ്യില്‍ തരുമ്പോള്‍ ഇത്രയും നേരം  ഇരുന്ന്  കരഞ്ഞത് ഇതിനായിരുന്നോ എന്നോര്‍ത്ത് ശരിക്കും കരച്ചില്‍വരും...

പുരികം ഷെയ്പ്പ് ചെയ്യാന്‍ പാര്‍ലരില്‍ പോകുന്നതിന് മുന്‍പു ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ എന്റെ അനുഭവം നിങ്ങള്‍ക്കുണ്ടാവില്ല....നിങ്ങളുടെ മുഖത്തിന്റെ ആകൃതി,പുരികത്തിന്റെ വീതി,നീളം എന്നിവയെക്കുറിച്ച് ഒരേകദേശ ധാ‍രണ നിങ്ങള്‍ക്കുണ്ടായിരിക്കണം.എന്നിട്ട് നിങ്ങള്‍ ആഗ്രഹിക്കുന്ന ഷെയ്പ് എന്താണെന്ന് ബ്യൂട്ടീഷനെ പറഞ്ഞു മനസ്സിലാക്കണം.


പിന്നീട് ക്ഷമയോടെ ഇരുന്നു കൊടുക്കുക.സമയം എടുത്തു ചെയ്യുമ്പോള്‍ മാത്രമെ രൂപഭംഗി കിട്ടുകയുള്ളു.വളരെ വേഗം പറിച്ചെടുത്താല്‍ രോമം പോയിക്കിട്ടുമെന്നല്ലാതെ ഒരു പ്രയോജനവും കിട്ടില്ല....ഇനി ഒരു പ്രാവശ്യം ഇത്തിരി മോശമായിപ്പോയാല്‍ അടുത്ത തവണ ഇത്തിരി വൈകിക്കുക....പുരികം നന്നായി വളര്‍ന്നു കഴിഞ്ഞ് എടുത്താല്‍ മതി.
എന്റെ അനുഭവം നിങ്ങള്‍ക്കുണ്ടാകാതിരിക്കട്ടെ......

Thursday, December 9, 2010

സൌന്ദര്യ സംരക്ഷണം ഡിസംബറില്‍.......

പുണ്യ മാസമാണ് ഡിസംബര്‍...
മകരമഞ്ഞിന്റെ കുളിരുള്ള  പ്രഭാതങ്ങള്‍....
തെളിഞ്ഞ വെയിലുള്ള പകലുകള്‍.....
ക്രിസ്തുമസ്സിന്റെയും പുതുവല്‍സരത്തിന്റെയും
ആഹ്ലാദവും പ്രതീക്ഷകളും മനസ്സില്‍
നിറയ്ക്കുന്ന മഞ്ഞു മാസം.....

ചര്‍മത്തിനും മുടിക്കും നല്ല കരുതല്‍ വേണ്ട
മാസം കൂടിയാണ്  ഡിസംബര്‍ എന്ന് മറക്കരുത്.
മാറി മാറി വരുന്ന തണുപ്പും കടുത്ത ചൂടും
ചര്‍മത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിക്കും.
വരണ്ട ചുണ്ടുകള്‍ക്ക് മീതെ ചാപ് സ്ടിക് (CHAP STICK)
പുരട്ടാം.കടകളില്‍ വാങ്ങാന്‍ കിട്ടും.ഏകദേശം
എഴുപതു രൂപ വരെ വില ഉണ്ടാവും.
വാസലിന്‍ പുരട്ടുന്നതും നല്ലതാണു
ലിപ്സ് ഗ്ലോസ്,ബട്ടര്‍,ഗ്ലിസറിന്‍
തുടങ്ങിയവയും നല്ലതാണ്.

 കുളി കഴിഞ്ഞ ശേഷംകൈ കാലുകളില്‍
ക്രീം പുരട്ടാം.കൊക്കോ ബട്ടര്‍
ചേര്‍ന്നവ നല്ല ഫലം തരും.
ലോഷനും നല്ലതാണു.
എല്ലാ പ്രമുഖ ബ്രാന്‍ഡുകളും
ബോഡി ലോഷനുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.

മുടിയില്‍ ഹോട്ട് ഓയില്‍ മസാജ്
ചെയ്യുന്നത് ഗുണം ചെയ്യും.
വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം.
പുറത്തു  പോവുമ്പോള്‍   മുടി കെട്ടി വയ്ക്കുന്നതാണ് നല്ലത്.
കാറ്റടിച്ചു മുടി വിണ്ടു കീറുന്നത് (split ends) തടയാം.